Thursday, May 26, 2011

സുവർണ്ണ ജയന്തി 2011-2012




പ്രിയപ്പെട്ട രക്ഷിതാക്കളെ, നാട്ടുകാരേ,കുട്ടികളേ,
നമ്മുടെ സ്കൂൾ അതിന്റെ 50ആം പിറന്നാൾ ആഘോഷിക്കുകയാണ്.
ഈ വർഷം മുഴുവൻ വിവിധ പരിപാടികളിലൂടെ സുവർണ്ണ ജയന്തി ആഘോഷം ഗംഭീരമാക്കാനുള്ള തീവ്ര പ്രവർത്തനങ്ങളിലാണ് ആഘോഷക്കമ്മറ്റി.
സുവർണ്ണജയന്തി വിളംബരമാണ് ഇന്ന് ഇപ്പോൾ ഇവിടെ നടക്കുന്നത്.
ജൂൺ 4ആം തീയതി വൈകീട്ട് 3 മണിക്ക് സ്കൂളങ്കണത്തിൽ ആഘോഷങ്ങളുടെ ഉദ്ഘാടനം പാലക്കാട് ലോകസഭാംഗം ശ്രീ എം.ബി.രാജേഷ് നിർവഹിച്ചു. സുവർണ്ണ ജയന്തി പ്രഭാഷണം പ്രശസ്ത സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ കല്പറ്റ നാരായണൻ നിർവഹിച്ചു. ത്രിതലപഞ്ചായത്ത് പ്രതിനിധികൾ ഈ ഉഘാടന യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
മുഴുവൻ രക്ഷിതാക്കളെയും നാട്ടുകാരേയും ആഘോഷക്കമ്മറ്റിക്കുവേണ്ടി, സ്കൂളിന്ന് വേണ്ടി , ക്ഷണിക്കുകയാണ്. തീർച്ചയായും എല്ലാവരുടേയും സാന്നിധ്യം വളരെയധികം പ്രചോദനം നൽകും.
ഈ വർഷം നമുക്ക് 92% റിസൾട്ട് എസ്.എസ്.എൽ.സി ക്കുണ്ട്.കുട്ടികളുടെ വിജയം താരതമ്യേന ഉയർന്ന നിലവാരത്തിലുമാണ്. രക്ഷിതാക്കളുടെയും അധ്യാപകരുടേയും കുട്ടികളുടെയും കഠിനമായ പ്രയത്നം ഇതിന്ന് പിന്നിലുണ്ട്.
ചിരകാലാഭിലാഷമായ ഹയർസെക്കന്ററി പൂർണരൂപത്തിൽ ഇക്കൊല്ലം തൊട്ട് ആരംഭിക്കുകയാണ്. എല്ലാവരുടേയും കുറേകൂടി ശ്രദ്ധയും ക്രിയാത്മകമായ ഇടപെടലും ഉണ്ടാകുന്നതോടെ നമുക്കിനിയും വളരാൻ കഴിയും. കഴിയണം. കഴിഞ്ഞേ മതിയാകൂ. നമ്മുടെ സാമൂഹ്യമായ അവസ്ഥ ഇതാണ് ഇപ്പോൾ നമ്മോട് ആവശ്യപ്പെടുന്നത്.
ഇക്കൊല്ലം നമ്മുടെ മുഴുവൻ കുട്ടികളും പൊതുപരീക്ഷയിൽ വിജയിച്ചേ മതിയാകൂ. സുവർണ്ണ ജയന്തി ആഘോഷങ്ങളുടെ പ്രഥമ ലക്ഷ്യം ഇതു തന്നെയാണ്. ഏതു പരിപാടിയും ആത്യന്തികമയി കുട്ടികളുടെ വിദ്യാഭാസ നിലവാരം വർദ്ധിപ്പിക്കാനുള്ളവതന്നെയാണ്. അതിൽ ഒരു സംശയവും ഇല്ല.
മുഴുവൻ കുട്ടികളും വിജയിക്കണം. 100% റിസൽട്ട് എന്ന സ്വപ്നം യാഥാർഥ്യമാകണം.
വിജയിക്കുന്നവരിൽ 50 പേരെങ്കിലും ഉയർന്ന നിലവാരത്തിലെത്തണം. ഫുൾ എ+ എന്ന ലക്ഷ്യം നമ്മുടെ സ്കൂളിൽ ഉണ്ടാവണം.
ആയിരക്കണക്കിന്ന് കുട്ടികൾ - മിടുക്കന്മാരും മിടുക്കികളുമായ നമ്മുടെ കുട്ടികൾ മുഴുവൻ പേരും മുഴുവൻ പ്രവർത്തനങ്ങളിലും ഇടപെടുന്നവരായിരിക്കണം.അവർക്കൊക്കെ മികച്ച നിലവാരത്തിലെത്താനുള്ള വിദ്യാഭ്യാസ പരിപാടികൾ സുവർണ്ണ ജയന്തി ആഘോഷങ്ങളിൽ ഉണ്ടാവും. ബുദ്ധിപരവും കായികവുമായ സമഗ്രവികസനം സാധ്യമാക്കുന്ന പരിപാടികൾ നമുക്ക് ഒന്നിച്ച് ആലോചിക്കാം. ഒന്നിച്ച് നടപ്പാക്കാം. ഒന്നിച്ച് വിലയിരുത്താം. അപ്പപ്പൊൾ ഉണ്ടാവുന്ന പിഴവുകൾ തിരുത്തി മുന്നോട്ട് പോകാം.
നമ്മുടെ ഈ ചെറിയ ഗ്രാമത്തിൽ 50 വർഷം മുൻപ് തെളിയിച്ച ഈ ചെറു വിളക്കിൽ നിന്ന് പ്രകാശം ഉൾക്കൊണ്ട് വളർന്ന നാമൊക്കെ ഇന്ന് ഈ ചെറുവെട്ടത്തെ മഹാപ്രാകാശമാക്കാൻ തക്ക ത്രാണിയുള്ളവരാണ്.50 വർഷങ്ങളിലൂടെ കടന്നുപോന്ന അനുഭവങ്ങൾ വരും തലമുറയിൽ മഹാശക്തിയായി സന്നിവേശിക്കേണ്ടതുണ്ട്. അറിവിന്റേയും അനുഭവങ്ങളുടെയും പ്രവാഹം ഒരിക്കലും നിലക്കാതിരിക്കട്ടെ.
ഇതൊക്കെ സാധ്യമാകാൻ നമുക്കൊരുമിച്ച് നിൽക്കാം. സുവർണ്ണ ജയന്തി ഇതിനൊരു നിമിത്തമാവാൻ നിങ്ങളുടെ സഹകരണവും സാന്നിധ്യവും എല്ലായ്പ്പോഴും ഉണ്ടാകട്ടെ എന്നാഗ്രഹിച്ചുകൊണ്ട്
ടി.എസ്.എൻ.എം സ്കൂളിന്റെ സുവർണ്ണ ജയന്തി വിളംബരം ചെയ്യുന്നു